01:16pm 22 August 2026
NEWS
ഇടതു പരാജയത്തിന് കാരണം കൊള്ളയും ധിക്കാരവും: വെള്ളാപ്പള്ളി നടേശൻ
22/08/2026  08:18 AM IST
പ്രത്യേക ലേഖകൻ
ഇടതു പരാജയത്തിന് കാരണം കൊള്ളയും ധിക്കാരവും: വെള്ളാപ്പള്ളി നടേശൻ

​ചേർത്തല: ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം ചില നേതാക്കളുടെ കൊള്ളയും ധിക്കാരവും ധാർഷ്ട്യവുമാണെന്ന് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പല ഇടതു നേതാക്കൾക്കും തമ്പ്രാൻ മനോഭാവമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്രീനാരായണ ട്രസ്റ്റിന്റെ 73-ാമത് വാർഷിക പൊതുയോഗത്തിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
​മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ഷംസീർ കമ്മ്യൂണിസ്റ്റുകാരനല്ലെന്നും ലീഗിന്റെ ശബ്ദമാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ നേരിട്ട് പറയാൻ കഴിയാത്തതിനാലാണ് ഷംസീർ തനിക്കെതിരെ തിരിഞ്ഞതെന്നും, എൽ.ഡി.എഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
​അഞ്ചു ദേവസ്വം ബോർഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് ട്രസ്റ്റിന്റെ വാർഷിക റിപ്പോർട്ടിൽ വിമർശിച്ചു. കാണിക്കവഞ്ചിയിൽ പോലും കൈയിട്ടുവാരാത്തവർ ചുരുക്കമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
​ മുസ്‌ലിം ലീഗിനെ പേടിച്ച് ആർക്കും ഒന്നും പറയാൻ കഴിയാത്ത സ്ഥിതിയാണെന്നും, മതം പറയുന്നവർ മന്ത്രിസ്ഥാനത്തെത്തുമ്പോൾ മതേതരത്വം പറയുന്നവർ തെരുവിൽ തെണ്ടേണ്ടി വരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
​ യു.ഡി.എഫ് മന്ത്രിസഭയിൽ ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്നും 21 അംഗ മന്ത്രിസഭയിൽ 12 പേരും ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
​എസ്.എൻ. ട്രസ്റ്റിന് 166 കോടിയുടെ ബജറ്റ്
​ചേർത്തല എസ്.എൻ. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ 2026–27 വർഷത്തേക്ക് 166,55,84,000 രൂപയുടെ വാർഷിക ബജറ്റിന് അംഗീകാരം നൽകി. ചെയർമാൻ ഡോ. എം.എൻ. സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ .
​ആശുപത്രി വികസനം: ₹50 കോടി
​എയ്ഡഡ് വിദ്യാലയങ്ങൾ (കെട്ടിട നിർമ്മാണവും അറ്റകുറ്റപ്പണികളും): ₹14 കോടി
​ആശുപത്രികളിലെ ആധുനിക സംവിധാനങ്ങൾ: ₹11 കോടി
​എയ്ഡഡ് കോളേജുകൾ: ₹9.5 കോടി
​സെൽഫ് ഫിനാൻസിംഗ് കോളേജുകൾ & സെൻട്രൽ സ്കൂളുകൾ: ₹1.5 കോടി
​വാഗമൺ മുരുകൻമല കെട്ടിട നിർമ്മാണം & നാക് അക്രഡിറ്റേഷൻ: ₹1 കോടി വീതം
​അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ. ജി. ജയദേവൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img